Saturday, September 19, 2009

പന്നിപ്പനി ചില സത്യങ്ങള്‍



ലോകം മുഴുവന്‍ പന്നിപ്പനി ഭീതിയിലാണ് .ശരിക്കും അത്ര ഭയക്കേണ്ടതാണോ ഈ രോഗം ?
സാധാരണ ജലദോഷപ്പനി അഥവാ ഇന്ഫ്ലുവന്‍സയ്ക്ക് കാരണമായ ഇന്ഫ്ലുവന്‍സ -എ വൈറസ് തന്നെയാണ് പന്നിപ്പനി അഥവാ H1N1 പനിക്കും കാരണം .പക്ഷേ ഈ വൈറസിനു ചില ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് . ഇന്ഫ്ലുവന്സ വൈറസിന്‍റെ പുറം പാളിയിലുള്ള ഹീമാഗ്ലുട്ടിനിന്‍ (എച്ച്), ന്യുറാമിനിഡേസ് (എന്‍) എന്നീ പ്രോട്ടീനുകളുടെ അടിസ്ഥാനത്തിലാണ് അവയെ തരംതിരിക്കുന്നത്.
ഇന്ഫ്ലൂവന്‍സ വൈറസില്‍ വളരെ വേഗം സംഭവിക്കുന്ന ജനിതകമാറ്റം മൂലം എച്ച് , എന്‍ പ്രോട്ടീനുകളുടെ ഘടന ഓരോ തരം ഇന്ഫ്ലൂവന്‍സ വൈറസിലും വ്യത്യസ്തമായിരിക്കും. ഘടനയിലെ ഈ വ്യത്യാസമനുസരിച് പ്രോട്ടീനുകള്‍ H1,H2,H3.......etc, N1,N2,N3........etc എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
പക്ഷിപ്പനി (Avian Flu) ക്ക് കാരണമായ വൈറസുകളില്‍ 16 തരം H ഉം 9 തരം N ഉം തിരിച്ച റിയപ്പെട്ടിട്ടുന്ട്. അതായത്‌ പക്ഷിപ്പനിക്ക് കാരണമായ വൈറസുകളെല്ലാം ഒരേ ഘടനയുള്ളതല്ല എന്നര്‍ത്ഥം. എന്നാല്‍ മനുഷ്യനെ ബാധിക്കുന്ന ഇന്ഫ്ലുവന്സയില്‍ H1,H2,H3,N1, N2 എന്നിവയുടെ സാന്നിധ്യമാണ് തിരിച്ചറിഞ്ഞിട്ടുള്ളത് .ഈ പ്രോട്ടീനുകളുടെ സന്നിധ്യമനുസരിച്ച് വൈറസുകള്‍ക്ക് H1N1, H5N1 എന്നിങ്ങനെ പേരിടുന്നു.
1918-19 വര്‍ഷങ്ങളില്‍ ലോകമെമ്പാടും ലക്ഷക്കണക്കിനാളുകള്‍ മരിക്കാന്‍ കാരണമായ Spanish Flu എന്ന പക്ഷിപ്പനിക്ക് കാരണം H1N1 ആയിരുന്നു .എന്നാല്‍ അടുത്ത കാലത്തുണ്ടായ പക്ഷിപ്പനി H5N1 മൂലമായിരുന്നു.
വടക്കേ അമേരിക്കയില്‍ വ്യാപകമായ പന്നിപ്പനി (Swine Flu), പക്ഷിപ്പനി (Avian Flu), മനുഷ്യരിലെ ജലദോഷപ്പനി (Influenza), യൂറോപ്പില്‍ കാണപ്പെടുന്ന പന്നിപ്പനി എന്നിവയ്ക്ക് കാരണമായ നാലുതരം ഇന്ഫ്ലൂവന്‍സ വൈറസ്സുകളുടെ സങ്കരമാണ് പുതിയ H1N1. ഈ കൂടിക്കലരല്‍ എങ്ങനെ സംഭവിച്ചു ?
മനുഷ്യനേയും പക്ഷികളേയും ബാധിക്കുന്ന ഇന്ഫ്ലുവന്സ പന്നികളേയും ബാധിക്കാറുണ്ട് .പന്നികളുടെ കോശങ്ങളിലെത്തുന്ന ഈ പലതരം ഇന്ഫ്ലുവന്സ വൈറസ്സുകളുടെ ജീനുകള്‍ കൂടിക്കലരുകയും പുതിയ ഇനം ഉണ്ടാവുകയും ചെയ്യുന്നു.
പുതിയ H1N1 വൈറസ് വടക്കേ അമേരിക്കയിലേയും ഏഷ്യ -യൂറോപ്പിലേയും പന്നിപ്പനി വൈറസ്സുകളുടെ സങ്കരമാണ് .ഇതില്‍ത്തന്നെ വടക്കേ അമേരിക്കന്‍ പന്നിപ്പനി വൈറസ് , നേരത്തെ തന്നെ പക്ഷിപ്പനി വൈറസ്സിന്റെയും ജലദോഷപ്പനി വൈറസ്സിന്റെയും ജീനുകള്‍ കൂടിച്ചേര്‍ന്നതാണ് .
H1N1 /09 വൈറസ്സിലുള്ള പല പ്രോട്ടീനുകളും മനുഷ്യരിലെ സാധാരണ ഇന്ഫ്ലുവന്സ വൈറസ്സിലേതിനു സമാനമാണ് .അതുകൊണ്ടുതന്നെ Spanish Flu പോലെ മാരകമാവില്ല ഇതെന്ന് കരുതപ്പെടുന്നു. 2006-ല്‍ ലോകത്താകമാനം ഉണ്ടായ ജലദോഷപ്പനിയില്‍ പകുതിയും H1N1 മൂലമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
വൈറല്‍പ്പനി ബാധിക്കാത്തവരായി ആരുമുണ്ടാവില്ല . എന്നാല്‍ അതിന് കാരണമായത്‌ ഏതുതരം വൈറസ്സാണെന്നു പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. വളരെ വേഗം ജനിതകമാറ്റത്തിനു വിധേയമാകുന്നതാണ് വൈറസ്സിന്റെ ഘടന. നിസ്സാരമായി കരുതിയിരുന്ന ജലദോഷപ്പനി മാരകമായ പന്നിപ്പനിയായി പുനരവതാരം ചെയ്തിരിക്കുകയാണ്.
സാധാരണ വൈറസ് രോഗങ്ങളിലെന്ന പോലെ കൃത്യമായ ചികിത്സയും വിശ്രമവും കൊണ്ടു പന്നിപ്പനിയും ഭേദമാക്കാം . ഗുരുതരാവസ്ഥയില്‍ രോഗാണു പ്രധാനപ്പെട്ട അവയവങ്ങളെ ബാധിക്കുന്നത്‌ മരണകാരണമാകും.
തുടക്കത്തില്‍ത്തന്നെ ശരിയായ ചികിത്സ കൊണ്ടു രോഗം മാരകമാകാതെ തടയാം. എന്നാല്‍ മൂക്കൊലിപ്പുവരുന്നവരെല്ലാം പന്നിപ്പനിയുടെ പരിശോധന നടത്തേണ്ടതില്ല. കൃത്യമായ ചികിത്സ പോലെതന്നെ പ്രധാനമാണ് ശരിയായ അവബോധവും.


(മലയാള മനോരമ പഠിപ്പുരയില്‍ 2009 ആഗസ്ററ് 26 ന് പ്രസിദ്ധീകരിച്ചത് )

No comments:

Post a Comment